ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ സൂനെ ലൂസ്. ലോക്ക്ഡൗണിന് ശേഷം ഇന്ത്യ തങ്ങളുടെ ആദ്യ പരമ്പരയ്ക്കായാണ് ഇറങ്ങുന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയില്‍ കളിച്ച് ഏകദിന പരമ്പര 3-0നും ടി20 2-1നും നേടിയിരുന്നു. അതേ സമയം ഇന്ത്യയാകട്ടെ 2019 നവംബറിന് ശേഷം ആദ്യമായാണ് ഏകദിന മത്സരത്തിനിറങ്ങുന്നത്.
മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍ പോലുള്ള മുന്‍ നിര താരങ്ങളുണ്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്നും അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് പാക്കിസ്ഥാന്‍ പരമ്പര കളിച്ചതിന്റെ ആനുകൂല്യം ഉണ്ടെന്നും സൂനെ ലൂസ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് തയ്യാറെടുപ്പുകളുടെ ആരംഭത്തിന് പറ്റിയതാണ് ഈ പരമ്പര എന്നും സൂനെ ലൂസ് വ്യക്തമാക്കി. അടുത്തടുത്ത് രണ്ട് പരമ്പരകള്‍ കളിക്കാനാകുന്നത് ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യുമെന്ന് ലൂസ് വ്യക്തമാക്കി.