പാക് വനിതകളുമായി ഒരു ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബിസിസിഐ സര്‍ക്കാരിനെ സമീപിച്ചു. ഐസിസിയുടെ വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പര 2021 ലോകകപ്പിനുള്ള യോഗ്യത മത്സരം കൂടിയാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടം തമ്മിലുള്ള മോശം ബന്ധങ്ങള്‍ കാരണം ഇതിനു സാധ്യതയിലെന്നാണ് അറിയുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ഇതെത്തുടര്‍ന്ന് പുരുഷ ടീമുകള്‍ തമ്മിലൊരു പരമ്പര നടന്നിട്ടില്ല.
ബിസിസിഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീം ആണ് കായിക മന്ത്രാലയത്തിനു കത്തയയ്ച്ചത്. ഐസിസി വനിത ചാമ്പ്യന്‍ഷിപ്പ് പ്രകാരം ഹോം എവേ ഘടനയിലാണ് മത്സരങ്ങള്‍ നടത്തേണ്ടത്. ഈ ടൂര്‍ണ്ണമെന്റിന്റെ പോയിന്റുകളെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പരിഗണിക്കുന്നത്.
ജൂലൈയ്ക്കും നവംബറിനും ഇടയില്‍ മൂന്ന് ഏകദിനങ്ങളെങ്കിലും ഇന്ത്യയില്‍ നടത്തുവാനാണ് ബിസിസിഐ ശ്രമിയ്ക്കുന്നത്. ഐസിസിയ്ക്ക് ഇത് സംബന്ധിച്ച അനുമതി പത്രം നല്‍കുന്നതിന് മുന്നോടിയായാണ് ബിസിസിഐ ഇന്ത്യന്‍ സര്‍ക്കാരുമായി ഇത് സംബന്ധിച്ച് സമീപിച്ചിരിക്കുന്നത്.