ടൊണ്ടണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഏറ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 100 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയിട്ടുള്ളത്. എല്‍സെ പെറിയും റേച്ചല്‍ ഹെയ്ന്‍സും 105 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി നിലയുറപ്പിച്ച ശേഷമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പെറി 84 റണ്‍സും റേച്ചല്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.
ഒന്നാം സെഷനില്‍ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് 30 ഓവറില്‍ നിന്ന് നേടിയത്. നിക്കോള്‍ ബോള്‍ട്ടണെ വേഗത്തില്‍ നഷ്ടമായെങ്കിലും അലൈസ ഹീലി-മെഗ് ലാന്നിംഗ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. 58 റണ്‍സ് നേടിയ അലൈസ ഹീലിയെയാണ് ഓസ്ട്രേലിയയ്ക്ക് രണ്ടാമത് നഷ്ടമായത്. 69 റണ്‍സ് മൂന്നാം വിക്കറ്റില്‍ എല്‍സെ പെറിയ്ക്കൊപ്പം നേടിയ ശേഷം മെഗ് ലാന്നിംഗ് 57 റണ്‍സ് നേടി പുറത്തായി.
പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. ഇംഗ്ലണ്ടിനായി കാത്തറിന്‍ ബ്രണ്ട്, ക്രിസ്റ്റി ഗോര്‍ഡണ്‍, സോഫി എക്സെല്‍സ്റ്റോണ്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.