നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 190 റൺസിനാണ് കേരളം ത്രിപുരയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 67 റൺസിന് എല്ലാവും പുറത്താവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 33ഉം ശ്രദ്ധ 47ഉം റൺസെടുത്തു. സ്കോർ 90ൽ നില്ക്കെ ഇരുവരും പുറത്തായെങ്കിലും തുടർന്നെത്തിയ ശീതൾ വി ജെയുടെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് തുണയായി. 48 പന്തുകളിൽ 53 റൺസെടുത്ത ശീതൾ റണ്ണൌട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഇസബെൽ, നിയ നസ്നീൻ, ഗൌരി നന്ദന എന്നിവരുടെ ഇന്നിങ്സുകളും കേരളത്തിന് കരുത്തായി. ഇസബെൽ 27ഉം, നിയ നസ്നീൻ 30ഉം, ഗൌരി നന്ദന 25ഉം റൺസെടുത്തു. ത്രിപുരയ്ക്ക് വേണ്ടി മധുമിത സർക്കാരും ആൻ്റ റാണിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര ബാറ്റിങ് നിര കേരള ബൌളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 14 റൺസെടുത്ത ഓപ്പണർ അഷ്മിത ദേബ്നാഥ് മാത്രമാണ് രണ്ടക്കം കടന്നത്. 33.5 ഓവറിൽ 67 റൺസിന് ത്രിപുര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി ഇസബെൽ, നിയ നസ്നീൻ, ഇഷിത, ഇഷ ജോബിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.