നാഗ്പൂർ: വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം, 50 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 47.1 ഓവറിൽ 185 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

മുൻ നിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. മികച്ച റൺറേറ്റിൽ സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് 96 റൺസെടുത്തു. ശ്രദ്ധ 44 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ വിസ്മയയും 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു. ഇന്നിങ്സിൽ ഉടനീളം ഒരുവശത്ത് ഉറച്ച് നിന്ന് പൊരുതിയ ശ്രേയ പി സിജുവിൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 250 കടത്തിയത്. ഓപ്പണറായി ഇറങ്ങിയ ശ്രേയ 107 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി മൈന സിയോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ ഇന്നിങ്സിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഇഷിതയും ഇഷ ജോബിനും ചേർന്ന് രാജസ്ഥാൻ ഇന്നിങ്സ് 185ലേക്ക് ചുരുട്ടിക്കെട്ടി. ഇഷ ജോബിൻ നാലും ഇഷിത മൂന്നും വിക്കറ്റുകൾ വീഴ്ത്തി