പാക്കിസ്ഥാന്റെ സ്ഥിരം ഓപ്പണര്‍മാരായി പുതുമുഖ താരങ്ങളായ ഫകര്‍ സമനും ഇമാം-ഉള്‍-ഹക്കുമാണ് ഇപ്പോള്‍ കളം നിറഞ്ഞ് നില്‍ക്കുന്നതെങ്കിലും തന്റെ ഓപ്പണിംഗ് സ്ഥാനത്തോടുള്ള മോഹം തുറന്ന് പറഞ്ഞ് മുഹമ്മദ് ഹഫീസ്. താരം ഇപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായി ആണ് ഇറങ്ങുന്നതെങ്കിലും ഒരു സമയത്ത് ടീമിന്റെ ഓപ്പണറായിരുന്നു ഹഫീസ്. പിന്നീട് ബാബര്‍ അസം വണ്‍-ഡൗണ്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഹഫീസ് വീണ്ടും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ട് പോകുകയായിരുന്നു. മധ്യനിരയില്‍ ഏറെ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും തനിക്ക് ബാറ്റിംഗില്‍ ഓപ്പണറായി എത്തുവാന്‍ ആഗ്രഹമുണ്ടെന്നാണ് ഹഫീസ് തുറന്ന് പറയുന്നത്.
താനൊരു ഓപ്പണറാണ്, ഒരു ഓപ്പണറായി കളിയ്ക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. അതേ സമയം ഇപ്പോളത്തെ ടീം മാനേജ്മെന്റ് തന്നോട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം പുതിയ രണ്ട് മികച്ച രീതിയില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരാണ് ടീമിലുള്ളത്. ഞാന്‍ പാക്കിസ്ഥാന്‍ ടീമിനു വേണ്ടിയാണ് കളിയ്ക്കുന്നത്, ടീം നല്‍കുന്ന സ്ഥാനത്ത് കളിയ്ക്കുവാനാണ് താന്‍ ശ്രമിക്കുക എന്നും ഹഫീസ് പറഞ്ഞു.
ചെറുപ്പം മുതല്‍ ഓപ്പണറായി കളിച്ചിട്ടുള്ളതിനാല്‍ തന്നെ താന്‍ ബാറ്റിംഗില്‍ കൂടുതല്‍ ഓവറുകള്‍ നേരിടണമെന്ന് കരുതുന്ന ഒരാളാണ്, ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു.