ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ 33 റണ്‍സ് കൂടി, അവശേഷിക്കുന്നത് 4 വിക്കറ്റ്, മാഞ്ചസ്റ്ററില്‍ വിന്‍ഡീസിന്റെ മോശം പ്രകടനം

Sports Correspondent

മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിച്ചപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 137/6 എന്ന നിലയില്‍. നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 369 റണ്‍സ് നേടിയിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ വിന്‍ഡീസ് ഇനിയും 33 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

27 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി നില്‍ക്കുന്ന ജേസണ്‍ ഹോള്‍ഡര്‍(24*)-ഷെയിന്‍ ഡോവ്റിച്ച്(10*) സഖ്യം ഈ പ്രതിസന്ധിയെ മറികടക്കുവാന്‍ വിന്‍ഡീസിനെ സഹായിക്കുമെന്നാണ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജോണ്‍ കാംപെല്‍(32), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(26) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും പട്ടികയില്‍ ഇടം പിടിച്ചു.