ടി20 ക്രിക്കറ്റിലെ അപകടകാരികള്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍, ആ നിലവാരത്തിലുള്ള പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും

Sports Correspondent

ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് താരങ്ങളാണെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഒരു ബാറ്റ്സ്മാന്റെ പേര് പ്രത്യേകമായി പറയുവാനാകില്ലെങ്കിലും അവര്‍ തന്നെയാണ് ടി20 ക്രിക്കറ്റില്‍ സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നത് റഷീദ് ഖാന്‍ പറഞ്ഞു. വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ മിസ് ഹിറ്റുകള്‍ പോലും ബൗണ്ടറി കടക്കുമെന്നത് അവരുടെ കരുത്ത് കാണിക്കുന്നുവെന്നും റഷീദ് പറഞ്ഞു.

ഈ അപകടകാരികളെപ്പോലെ തന്നെ സമാനമായ രീതിയില്‍ ബാറ്റ് ചെയ്യുന്ന മറ്റൊരു താരം അത് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ ആണെന്ന് റഷീദ് വ്യക്തമാക്കി. പാണ്ഡ്യയുടെ ഷോട്ടുകളും അവിശ്വസനീയമാണ്, ഇവരെല്ലാം ടി20യിലെ അപകടകാരികളാണെന്ന് റഷീദ് ഖാന്‍ സൂചിപ്പിച്ചു.

ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍, എവിന്‍ ലൂയിസ്, നിക്കോളസ് പൂരന്‍ എന്നിവരാണ് ടി20യില്‍ ബൗളര്‍മാരുടെ പേടി സ്വപ്നങ്ങളായ ചില വിന്‍ഡീസ് താരങ്ങള്‍.