ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചതുപോലെ ബി.സി.സി.ഐയെ നയിക്കുമെന്ന് പുതുതായി ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അഴിമതി രഹിതമായ രീതിയിൽ ബി.സി.സി.ഐയെ താൻ മുൻപോട്ട് കൊണ്ടുപോവുമെന്നും ഗാംഗുലി പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റായതിന് ശേഷം ആദ്യം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
വിശ്വാസ്യതയിലും അഴിമതിയിലും ഒരു ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും ഇന്ത്യയെ എങ്ങനെ നയിച്ചുവോ അതുപോലെ ബി.സി.സി.ഐയെ നയിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ഗാംഗുലി പ്രകീർത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് കോഹ്‌ലിഎന്നും അഭിപ്രായങ്ങളും പരസ്പര ബഹുമാനവും കാത്ത് സൂക്ഷിച്ച് മുൻപോട്ട് പോവുമെന്നും ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ പാരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനായി താൻ വിരാട് കോഹ്‌ലിയെ നാളെ കാണുന്നുണ്ടെന്നും കോഹ്‌ലിക്ക് വേണ്ട രീതിയിൽ ബി.സി.സി.ഐ സഹായിക്കുമെന്നും ഗാംഗുലി പറഞ്ഞു.