പൊള്ളാർഡിന്റെ ഒറ്റയാൾ പോരാട്ടം, ഇന്ത്യക്ക് 147 വിജയലക്ഷ്യം

- Advertisement -

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് 147 വിജയലക്ഷ്യം . ടോസ്സ് നേടിയ ക്യാപ്റ്റൻ വിരാട് കൊഹ്ലി വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൈറോൺ പൊള്ളാർഡിന്റെ ഒറ്റയാൾ പോരാട്ടം കരീബിയൻസിനെ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ എത്തിച്ചു. 45 പന്തിൽ 6 സിക്സറുകളും ഒരു ബൗണ്ടറിയുമുൾപ്പെടെ 58 റൺസെടുത്തു പൊള്ളാർഡ്. റൊവ്മാൻ പവൽ മത്സരം അവസാന ഘട്ടത്തോടടുത്തപ്പോൾ വെടിക്കെട്ട് ബാറ്റിംഗുമായി വെസ്റ്റ് ഇൻഡീസിന്റെ സ്കോർ ഉയർത്തി. 20 പന്തുകളിൽ 32 റൺസ് നേടി പവൽ പുറത്താകാതെ നിന്നു.

മഴകാരണം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റിംഗിനയച്ച കൊഹ്ലിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിച്ചിലെ പ്രകടനം. രണ്ടാം ഓവറിൽ 2 റൺസ് എടുത്ത നരൈനെ ദീപക് ചഹർ പുറത്താക്കി. പിന്നീട് ഹെറ്റ്മെയറിനേയും ലെവിസിനേയും പുറത്താക്കി 3 വിക്കറ്റ് നേട്ടം കുറിച്ചു ദീപക് ചഹർ. ഒരറ്റത്ത് ഉറച്ച് നിന്ന പൊള്ളാർഡിനെ മടക്കി അയച്ചത് നവദീപ് സൈനിയാണ്. 17 റൺസെടുത്ത നിക്കോളാസ് പൂരനേയും സൈനി പുറത്താക്കി. ഇന്ന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ചഹർ ക്യാപ്റ്റൻ ബ്രാത്വൈറ്റിനെ പുറത്താക്കി ആദ്യ മത്സരം അവിസ്മരണീയമാക്കി. പവലും 8 റൺസ് എടുത്ത ഫാബിയൻ അലനുമാണ് പുറത്താകതെ നിന്നത്.

Advertisement