കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേടുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെലവ് ചുരുക്കുന്നതിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കളിക്കാരുടെയും ഭാരവാഹികളുടെയും ശമ്പളം കുറയ്ക്കുക എന്ന നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. എന്നാല്‍ ചില ബോര്‍ഡുകള്‍ ഇപ്പോളത്തെ സാമ്പത്തിക സ്ഥിതി തരണം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന സമീപനത്തിലാണ്. അത്തരത്തിലൊരു സമീപനമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും.
ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറയുന്നത് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ബോര്‍ഡിന് വലിയ കുഴപ്പമുണ്ടാകില്ല എന്നാണ്. എന്നാല്‍ വേതനം കുറയ്ക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ താന്‍ അതിന് ആദ്യം തന്നെ മുന്നോട്ട് വരുമെന്നും വസീം ഖാന്‍ പറഞ്ഞു. അതിന് തന്നോട് ആരും ചോദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ബോര്‍ഡിന്റെ ബഡ്ജറ്റിനെക്കുറിച്ച് തീരുമാനം എടുത്ത വരികയാണന്നും ഇപ്പോള്‍ കേന്ദ്ര കരാറുള്ള താരങ്ങളുടെ വേതനം കുറയ്ക്കുക എന്ന തീരുമാനം ഏറ്റെടുത്തിട്ടില്ലെന്നും വസീം പറഞ്ഞു. പ്രാദേശിക തലത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയാകും ഏറെ പ്രയാസകരമെന്നും വസീം ഖാന്‍ അഭിപ്രായപ്പെട്ടു.
സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ പ്രയാസമാകുന്നതോടെ കൂടുതല്‍ ഫണ്ട് പ്രാദേശിക തലത്തിലേക്ക് വിനിയോഗിക്കേണ്ടി വരുമെന്നും പിസിബി സിഇഒ പറഞ്ഞു.