വസീം അക്രം എന്നോട് മാച്ച് ഫിക്സിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അന്നദ്ദേഹത്തിന്റെ കഥ കഴിച്ചേനെ – ഷൊയ്ബ് അക്തര്‍

Sports Correspondent

തന്നോട് എന്നെങ്കിലും വസീം അക്രം മാച്ച് ഫിക്സിംഗിന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അന്നദ്ദേഹത്തിന്റെ അവസാനമായിരുന്നുവെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണെന്നും ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പല മത്സരങ്ങളിലും അവിശ്വസനീയമായ വിജയങ്ങള്‍ നല്‍കിയ താരമാണ് വസീം അക്രമെന്നും അദ്ദേഹത്തോടൊപ്പം കളിക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന താരമാണ് വസീമെന്നും അക്തര്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും താന്‍ ബഹുമാനിക്കുന്ന താരത്തില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായിരുന്നുവെങ്കില്‍ തന്റെ വിധം മാറിയേനെ എന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യില്ലെന്ന് തനിക്കറിയാമെന്നും അക്തര്‍ കൂട്ടിചേര്‍ത്തു. എട്ട് വര്‍ഷത്തോളം താന്‍ വസീമിനൊപ്പം കളിച്ചു. തന്റെ മോശം സമയത്ത് തന്നെ എപ്പോളും പിന്തുണയുമായി വസീം എത്താറുണ്ടായിരുന്നു. അന്നൊന്നും താന്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പ്രശംസിച്ചിരുന്നില്ലെന്നും അതിന് താന്‍ മാപ്പ് പറയുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പഴയ മത്സരങ്ങള്‍ കാണുമ്പോളാണ് പാക്കിസ്ഥാനെ തിരിച്ചു മത്സരങ്ങളിലേക്ക് എത്തിച്ച അദ്ദേഹം എത്ര മഹാനാണെന്ന് തോന്നുന്നത്. ഇത് കണ്ട ശേഷം താന്‍ അദ്ദേഹത്തെ വിളിച്ച് മാപ്പ് പറയുകയും ചെയ്തുവെന്ന് അക്തര്‍ സൂചിപ്പിച്ചു.