ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 3 വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായിരുന്ന വസിം അക്രം. മത്സരത്തിൽ പലപ്പോഴും അസ്ഹർ അലിയുടെ മോശം തീരുമാനങ്ങളാണ് തോൽവിക്ക് കാരണമെന്നും വസിം അക്രം പറഞ്ഞു.
ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്ത് തോൽവിയെ മുൻപിൽ കണ്ടുകൊണ്ടിരിക്കെയാണ് 139 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ക്രിസ് വോക്‌സും ജോസ് ബട്ലറും ചേർന്ന് ഇംഗ്ലണ്ടിന് ജയം നേടി കൊടുത്തത്. 5 വിക്കറ്റ് നഷ്ട്ടപ്പെട്ട് ഇംഗ്ലണ്ട് പ്രതിസന്ധിയിലായ സമയത്ത് ഇംഗ്ലണ്ടിനെ കൂടുതൽ പ്രധിരോധത്തിലാക്കാൻ അസ്ഹർ അലി ഫാസ്റ്റ് ബൗളർ നസീം ഷായെ ബൗൾ ചെയ്യിപ്പിക്കാത്തത് തിരിച്ചടിയായെന്നും അക്രം പറഞ്ഞു. യുവ ബൗളർമാരായ നസീം ഷായും ഷഹീൻ അഫ്രീദിയും ടെസ്റ്റിൽ കൂടുതൽ ഓവറുകൾ അറിയണമെന്നും വസിം അക്രം പറഞ്ഞു.