ടി20 ലോകകപ്പിന് മുന്നോടിയായി വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നു. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ നിന്ന് സുന്ദറിനെ ഔദ്യോഗികമായി ഒഴിവാക്കി. ജനുവരി 11-ന് വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ പന്തെറിയുന്നതിനിടെ വാരിയെല്ലിനേറ്റ പരിക്കാണ് (side strain) അദ്ദേഹത്തിന് തിരിച്ചടിയായത്.

പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ജനുവരി 21-ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ സുന്ദറിന് കളിക്കാനാവില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ലോകകപ്പ് സ്ക്വാഡിലുള്ള സുന്ദറിന് പകരം ഏകദിന ടീമിൽ ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടി20 പരമ്പരയിൽ അദ്ദേഹത്തിന് പകരക്കാരനായി ആര് വരുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
ഇതിനുപുറമെ, വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വർമ്മയും നിലവിൽ വിശ്രമത്തിലാണ്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന് മുൻപായി ഇവർക്ക് കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കുമോ എന്നാണ് സെലക്ടർമാർ ഉറ്റുനോക്കുന്നത്.. പരിക്കേറ്റ താരങ്ങളെ മാറ്റാൻ ഐസിസി ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലെ മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് നിർണ്ണായകമാകും.









