മെൽബൺ : വിമർശകരുടെ വായയടപ്പിച്ച ഒരു ഒന്നൊന്നര വാർണർ ഷോ! 254 പന്തിൽ രണ്ട് സിക്സറും, 16 ഫോറുകളും ചേർന്ന 200 റൺസ്. അതായിരിന്നു ഇന്ന് 40° ചൂടിലും മെൽബണിൽ കാണികളെ പിടിച്ചിരുത്തിയത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 386 റൺസോടെ 197 റൺസ് ലീഡിലാണ് ഓസ്ട്രേലിയ.
തന്റെ ടീമിലെ സ്ഥാനത്തിനെ ചോദ്യം ചെയ്തവർക്കും, വിമർശനങ്ങൾക്കുമുള്ള വാർണർ സ്റ്റൈൽ മറുപടിയായിരുന്നു ഈ ഇന്നിങ്സ്. നൂറാം ടെസ്റ്റ് കളിക്കുന്ന താരം,ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി പേശി വലിവ് മൂലം വാർണർ റിട്ടയർ ചെയ്ത് തിരിച്ചു കയറിയെങ്കിലും, സ്റ്റീവ് സ്മിത്തിനൊപ്പം 239 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരിന്നു.നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് വാർണർ.
ടീം സ്കോർ 75ൽ നിൽക്കെ മാർനസ് ലബുഷൈന് റണൗട്ടായ ശേഷം ഒത്തുചേർന്ന വാർണർ സ്മിത് സഖ്യം ആഫ്രിക്ക് എതിരെ ഓസ്ട്രേലിയയുടെ രണ്ടാമത്തെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടെ നേടിയാണ് പിരിഞ്ഞത്. സെഞ്ച്വറിയിലേക്ക് കുതിക്കുയായിരുന്ന സ്മിത്ത്, 85 റൺസിൽ നിൽക്കേ ഡി ബ്രൂണിന്റെ ഒരു ഷോർട്ട് ബോൾ അപ്പർ കട്ടിന് ശ്രമിച്ച് പുറത്തായി. ഇന്നലെ മികച്ച ബൗളിങ് പ്രകടനം (27/5) കാഴ്ച്ചവെച്ച് ആഫ്രിക്കൻ ബാറ്റിംഗിനെ തകർത്തെറിഞ്ഞ ഒസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡിനൊപ്പം ചേർന്നെങ്കിലും റിട്ടയേർഡ് ഹർട്ട് ആയി തിരികെ പോയി. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 48* റൺസുമായി ട്രാവിസ് ഹെഡും, 9* റൺസുമായി വിക്കറ്റ് കീപ്പർ അലകസ് കാരിയുമാണ് ക്രീസിൽ.
ബൗളർമാർക്ക് ഏറ്റ പരിക്ക് ഒരു വെല്ലുവിളിയായേക്കാവുന്ന ഒസീസ് പരമാവധി ബാറ്റ് ചെയ്ത്, സ്കോർ ഉയർത്താനാവും മൂന്നാം ദിനവും ശ്രമിക്കുക. ഫീൽഡിങിനിടെ വിരലിന് പരിക്കേറ്റ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കും, ഇന്ന് വിരലിന് പരിക്കേറ്റ കാമറൂൺ ഗ്രീനും രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞില്ലെങ്കിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോലന്റ്, നാഥാൻ ലിയോൺ എന്നിവരെ മാത്രം വെച്ച് ഒസീസ് മത്സരം പൂർത്തിയാക്കേണ്ടി വരും.
മൂന്ന് ദിവസം കൂടി ബാക്കിയുള്ള ഈ ടെസ്റ്റിൽ ഫലം ഉറപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ലെ ഫൈനലിലേക്ക് ഓസ്ട്രേലിയക്കെതിര അവസരം കാത്തിരിക്കുന്ന സൗത്ത് ആഫ്രിക്കക്കും, ഇന്ത്യയ്ക്കും ഒരുപോലെ നിർണായകാണ് ഈ പരമ്പര. നേരത്തെ ബംഗ്ലാദേശിനെ രണ്ട് കളിയും തോൽപ്പിച്ച് ടീം ഇന്ത്യ, മുഴുവൻ പോയിന്റും കരസ്ഥമാക്കിയിരിന്നു.