ഓപ്പണിംഗില്‍ ആരായാലും തനിക്ക് പ്രശ്നമില്ല, എന്നാല്‍ ബേണ്‍സ് സ്ഥാനം നഷ്ടപ്പെടുവാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗില്‍ തന്നോടൊപ്പം ആര് കൂട്ട് വന്നാലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുവാനും മാത്രം ജോ ബേണ്‍സ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ പക്ഷമെന്ന് വാര്‍ണര്‍ കൂട്ടി ചേര്‍ത്തു. ജോ ബേണ്‍സ് വേണോ അതോ ഇപ്പോള്‍ മികച്ച ഫോമില്‍ കളിക്കുന്ന വില്‍ പുകോവസ്കി വേണോ ഓസ്ട്രേലിയയുടെ ഓപ്പണറായി എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ആണ് സെലക്ടര്‍മാര്‍ വാര്‍ണറുടെ അഭിപ്രായവും അന്തിമ തീരുമാനത്തിന് മുമ്പുണ്ടാകുമെന്ന് പറഞ്ഞത്.

വില്‍ പുകോവസ്കിയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാകുമെന്നതിനാല്‍ തന്നെ താരത്തിന് മധ്യ നിരയിലെങ്കിലും അവസരം ടീമില്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. താനും ജോ ബേണ്‍സും വളരെ അധികം സമയം ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും സെലക്ടര്‍മാരാകും ശരിയായ താരത്തെ ഈ സ്ഥാനത്തിന് വേണ്ടി തിരഞ്ഞെടുക്കുവാന്‍ ഏറ്റവും അനുയോജ്യര്‍ എന്നും വാര്‍ണര്‍ വ്യക്തമാക്കി.

ആര് തന്നെ വന്നാലും തനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ വാര്‍ണര്‍ എന്നാല്‍ ബേണ്‍സിന്റെ റെക്കോര്‍ഡുകളും ഓപ്പണറായി അത്ര മോശമല്ലെന്ന് വാര്‍ണര്‍ പറഞ്ഞു. തന്നോട് ട്രെവര്‍ ഹോന്‍സ് സംസാരിക്കുമ്പോള്‍ താന്‍ സത്യ സന്ധമായ കാര്യങ്ങളാകും പറയുക എന്നും വാര്‍ണര്‍ പറഞ്ഞു.