ഏകദിനങ്ങളിലും പെയിനിനെ കീപ്പറാക്കാനൊരുങ്ങി ഓസ്ട്രേലിയ

Sports Correspondent

ആഷസിനു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിനങ്ങളിലും വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം പെയിനിനു നല്‍കാനുറച്ച് ഓസ്ട്രേലിയ. ജനുവരി 14നു എംസിജിയില്‍ ആരംഭിക്കുന്ന് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ കീപ്പറായി പെയിനിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകകപ്പിനു 18 മാസം മാത്രം ശേഷിക്കെ മാത്യു വെയിഡിനു ഏറെക്കുറെ ഓസ്ട്രേലിയന്‍ കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ടി20യില്‍ ഓസ്ട്രേലിയന്‍ കീപ്പറായ ടിം പെയിന്‍ ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ കുപ്പായം അണിയുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ആഷസില്‍ പെയിനിന്റെ തിരഞ്ഞെടുക്കല്‍ ഒട്ടേറെ പേരെ നെറ്റിചുളിക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശകരെ വായടപ്പിക്കുന്ന പ്രകടനമാണ് പെയിന്‍ വിക്കറ്റിനു പിന്നില്‍ പുറത്തെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെയിന്‍ അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനം കളിക്കുന്നത്. യുവ താരം അലക്സ് കാറേയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial