വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ, വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് കളി തുടരണമെന്ന് അഭ്യർത്ഥിച്ചു. ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ ആവശ്യമുണ്ടെന്നും, ഇന്ത്യൻ സൂപ്പർ താരം തന്റെ ശേഷിക്കുന്ന റെഡ്-ബോൾ കരിയറിൽ 60-ന് മുകളിൽ ശരാശരി നേടുമെന്നും ലാറ പ്രവചിച്ചു.

36-കാരനായ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ ആഗ്രഹം ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ലാറയുടെ ഈ പ്രസ്താവന. എന്നാൽ, ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇടപെട്ട് കോഹ്ലിയോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
ഇൻസ്റ്റാഗ്രാമിൽ ലാറ കുറിച്ചത് ഇങ്ങനെയാണ്: “ടെസ്റ്റ് ക്രിക്കറ്റിന് വിരാടിനെ ആവശ്യമുണ്ട്!! അവനെ പിന്തിരിപ്പിക്കണം. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല എന്ന് വിശ്വസിക്കുന്നു. കോഹ്ലി തന്റെ ടെസ്റ്റ് കരിയറിൽ ഇനിയും 60-ന് മുകളിൽ ശരാശരി സൂക്ഷിക്കും.”
കോഹ്ലിയുടെ സമീപകാല ടെസ്റ്റ് പ്രകടനം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ അദ്ദേഹം സെഞ്ചുറി നേടിയിരുന്നു. ഇത് ഇന്ത്യയുടെ 295 റൺസ് വിജയത്തിന് നിർണായകമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഫോം താഴേക്ക് പോവുകയും ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 1-3 ന് തോൽക്കുകയും ചെയ്തു.