ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികൾ എന്ന നേട്ടം ആരെങ്കിലും മറികടക്കുകയാണെങ്കിൽ അത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. എന്നാൽ നിലവിൽ വിരാട് കോഹ്‌ലി 100 അന്താരാഷ്ട്ര സെഞ്ചുറികൾ എന്നതിനെ പറ്റി ചിന്തിക്കുന്നുണ്ടാവില്ലെന്നും സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ആരെങ്കിലും ആ നേട്ടം കൈവരിക്കുകയാണെങ്കിൽ അത് വിരാട് കോഹ്‌ലി മാത്രം ആയിരിക്കുമെന്നും പഠാൻ പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് നേട്ടങ്ങൾ ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുണ്ടെന്നും പഠാൻ പറഞ്ഞു. ആരെങ്കിലും സച്ചിന്റെ റെക്കോർഡ് മറികടക്കുകയാണെങ്കിൽ അത് ഒരു ഇന്ത്യക്കാരൻ ആവണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും വിരാട് കോഹ്‌ലിക്ക് അതിനുള്ള കഴിവും ഫിറ്റ്നസ്സും ഉണ്ടെന്നും പഠാൻ പറഞ്ഞു. നിലവിൽ 70 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ വിരാട് കോഹ്‌ലി വിരമിക്കുന്നതിന് മുൻപ് 30 സെഞ്ചുറികൾ കൂടി നേടുമെന്നാണ് താൻ കരുതുന്നതെന്നും ഇർഫാൻ പഠാൻ പറഞ്ഞു.