മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം ബിസിസിഐയെ അറിയിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 20 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൻ്റെ തുടക്കമാണ്.
35 കാരനായ കോഹ്‌ലിയുടെ ഈ തീരുമാനം രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വരുന്നത്.

കോഹ്‌ലി കൂടെ വിരമിച്ചാൽ ഇന്ത്യക്ക് അവരുടെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബാറ്റർമാരില്ലാതെ ഒരു വലിയ വിദേശ പരമ്പരയ്ക്ക് പോകേണ്ടിവരും എന്നാണ്.
കോഹ്‌ലിയോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരു ഉന്നത ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തിപരമായി അഭ്യർത്ഥിച്ചെങ്കിലും, വിരമിക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ടീം സെലക്ഷൻ യോഗത്തിന് മുന്നോടിയാണ് ഈ അറിയിപ്പ്.
കഴിഞ്ഞ ടെസ്റ്റ് സീസൺ കോഹ്‌ലിക്ക് അത്ര മികച്ചതായിരുന്നില്ല. ഓസ്‌ട്രേലിയയിൽ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 190 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പെർത്തിൽ ഒരു സെഞ്ചുറി നേടിയെങ്കിലും, ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിൻ്റെ ഫോം മോശമായിരുന്നു.
2024 ലെ ലോകകപ്പ് വിജയത്തിന് ശേഷം ടി20 യിൽ നിന്ന് നേരത്തെ അദ്ദേഹം വിരമിച്ചിരുന്നു. 123 ടെസ്റ്റുകൾ കളിച്ച കോഹ്ലി 30 സെഞ്ചുറികളോടെ 9,230 റൺസ് നേടിയിട്ടുണ്ട്.