ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസ് പരമ്പരക്ക് വേണ്ടി ഇന്ത്യൻ ടീം യാത്രതിരിക്കുന്നതിന് മുൻപ് നടത്തിയ പത്ര സമ്മേളനത്തിലാണ് കോഹ്‌ലി തന്റെ അഭിപ്രായം പറഞ്ഞത്. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പരിശീലകൻ രവി ശാസ്ത്രിയെ മാറ്റണമെന്ന അഭിപ്രായങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രിക്ക് പിന്തുണയുമായി എത്തിയത്. നിലവിൽ ഇന്ത്യൻ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി ലോകകപ്പോടെ അവസാനിച്ചെങ്കിലും വെസ്റ്റിൻഡീസ് പരമ്പര തീരുന്നത് വരെ കാലാവധി നീട്ടി നൽകുകയായിരുന്നു.
പുതിയ പരിശീലകനെ തീരുമാനിക്കാനുള്ള അപേക്ഷകൾ ബി.സി.സി.ഐ നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. അടുത്ത മാസം പകുതിയോടെ പുതിയ പരിശീലകരെ തേടിയുള്ള ബി.സി.സി.ഐയുടെ ഇന്റർവ്യൂകൾ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാവും പുതിയ പരിശീലകനെ കണ്ടെത്തുക. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.