ന്യൂസിലാണ്ട് ടൂറില്‍ ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തിയ താരമാണ് വിജയ് ശങ്കര്‍. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ അല്ലെങ്കിലും നിര്‍ണ്ണായക പ്രകടനങ്ങളാണ് താരം ന്യൂസിലാണ്ടില്‍ പുറത്തെടുത്തത്. അവസാന ഏകദിനത്തില്‍ നിര്‍ണ്ണായകമായ 45 റണ്‍സ് നേടിയതിനു ശേഷം ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താരത്തിനു പ്രമോഷനും കിട്ടിയിരുന്നു. രവിശാസ്ത്രിയുടെയും എംഎസ്കെ പ്രസാദിന്റെയും പ്രശംസ പിടിച്ചുപറ്റിയ താരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തനിക്കും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇപ്പോള്‍ നടത്തിയ പ്രകടനമല്ല താന്‍ അതിലും മികച്ച പ്രകടനമാണ് തന്നില്‍ നിന്ന് പ്രതീക്ഷിച്ചതെന്നാണ് വിജയ് ശങ്കര്‍ സ്വയം വിലയിരുത്തുന്നത്. തനിക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാകുമെന്ന് താന്‍ പലരോടും ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നതിനു മുമ്പ് പറഞ്ഞിരുന്നു എന്നാല്‍ അതിനു തനിക്ക് സാധിച്ചില്ല. ഇന്ത്യ എ യ്ക്ക് വേണ്ടി ഇത്തരം ചില പ്രകടനങ്ങള്‍ താന്‍ പുറത്തെടുത്തിട്ടുണ്ട് എന്നാല്‍ തനിക്ക് ഇന്ത്യയ്ക്കായും ഇതിനു സാധിക്കുമെന്ന് താന്‍ തെളിയിക്കേണ്ടതുണ്ടെന്ന് വിജയ് പറഞ്ഞു.
താന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ യോഗ്യനാണെന്ന ടീമിന്റെ ചിന്തയാണ് തന്നോട് മൂന്നാം നമ്പറില്‍ ടി20യില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെടുവാന്‍ കാരണമെന്ന് വിജയ് ശങ്കര്‍ പറഞ്ഞു. അഞ്ചാം ഏകദിനത്തിലെ 45 റണ്‍സ് തനിക്കും ടീമിനും തന്നിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും താരം കൂട്ടിചേര്‍ത്തു. ആ ഏകദിനം തനിക്കായി കാര്യങ്ങള്‍ മാറ്റി മറിച്ചുവെന്നും വിജയ് ശങ്കര്‍ പറഞ്ഞു.