ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം. ആദ്യ ഇന്നിങ്സിൽ 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലിൻ്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി കേരള ഇന്നിങ്സിന് കരുത്തായതും ഇഷാൻ്റെ പ്രകടനമായിരുന്നു.

നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് അധികം പിടിച്ചു നില്ക്കാനായില്ല. സ്കോർ 140ൽ നില്‍ക്കെ നിതിൽ നായിക്കിനെ പുറത്താക്കി നന്ദനാണ് ഹൈദരാബാദിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണു. 47 റൺസെടുത്ത കുശാൽ തിവാരിയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ഇഷാൻ ആറും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
11 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാലാം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ നെവിൻ ഒൻപതും ജൊഹാൻ രണ്ടും റൺസുമായി പുറത്താകാതെ നിന്നു.