വിജയ് മർച്ചൻ്റ് ട്രോഫി: കേരളത്തിന് എതിരെ ആന്ധ്ര 278 റൺസിന് പുറത്ത്

Newsroom

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ആദ്യ ഇന്നിങ്സ് 278 റൺസിന് അവസാനിച്ചിരുന്നു,

മുൻനിര ബാറ്റർമാരിൽ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. 22 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ രാജും 24 റൺസെടുത്ത തോമസ് മാത്യുവും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ആദ്യ മത്സരങ്ങളിൽ ടീമിൻ്റെ രക്ഷകനായ ഇഷാൻ കുനാൽ 14 റൺസോടെ ക്രീസിലുള്ളതാണ് കേരളത്തിൻ്റെ പ്രതീക്ഷ. റണ്ണൊന്നുമെടുക്കാതെ ദേവഗിരിയും ഇഷാനൊപ്പം ക്രീസിലുണ്ട്. ആന്ധ്രയ്ക്ക് വേണ്ടി തോഷിത് യാദവ്, ടി തേജ, ഭാനു സ്വരൂപ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആറ് വിക്കറ്റിന് 232 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആന്ധ്രയുടെ ഇന്നിങ്സ് അധികം നീട്ടാൻ കേരള ബൌളർമാർ അനുവദിച്ചില്ല. 278 റൺസിന് ആന്ധ്രയുടെ ഇന്നിങ്സിന് അവസാനമായി. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ ബാസിദും രണ്ട് വിക്കറ്റ് നേടിയ തോമസ് മാത്യുവുമാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്.