വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം, മണിപ്പൂരിനെതിരെ ശക്തമായ നിലയിൽ

Newsroom

Cricket
Download the Fanport app now!
Appstore Badge
Google Play Badge 1

കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. ടൂർണ്ണമെൻ്റിലെ ആദ്യ മത്സരത്തിൻ്റെ ആദ്യ ദിവസം തന്നെ മണിപ്പൂരിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത മണിപ്പൂ‍ർ, ഒന്നാം ഇന്നിങ്സിൽ വെറും 64 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. കേരളത്തിനിപ്പോൾ 81 റൺസിൻ്റെ ലീഡുണ്ട്.

ടോസ് നേടിയ കേരളം മണിപ്പൂരിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. തുടക്കം മുതൽ തകർച്ച നേരിട്ട മണിപ്പൂർ ബാറ്റിങ് നിരയ്ക്ക് ഒരു ഘട്ടത്തിലും കേരളത്തിൻ്റെ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാനായില്ല. 14 റൺസ് വീതം നേടിയ സുനെദ്, ദിസ്തരാജ് എന്നിവർ മാത്രമാണ് മണിപ്പൂർ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി എസ് വി ആദിത്യൻ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് റെയ്ഹാൻ, മുകുന്ദ് എൻ മേനോൻ, നവനീത് കെ എസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി വിശാൽ ജോർജ്ജും അദിതീശ്വറും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. അദിതീശ്വർ 16 റൺസെടുത്ത് പുറത്തായി. എന്നാൽ വിശാൽ ജോർജും ക്യാപ്റ്റൻ ഇഷാൻ എം രാജും ചേർന്ന് കേരളത്തെ ശക്തമായ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 145 റൺസെന്ന നിലയിലാണ് കേരളം. വിശാൽ 72 റൺസും ഇഷാൻ 52 റൺസും നേടി ക്രീസിലുണ്ട്.