ഭുവനേശ്വർ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ 63 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഝാർഖണ്ഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 219 റൺസിന് അവസാനിച്ചു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് ചൊവ്വാഴ്ച കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലാണ്. ഝാർഖണ്ഡിന് ഇപ്പോൾ ആകെ 88 റൺസിൻ്റെ ലീഡുണ്ട്.
ഝാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 282-നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മുൻനിര ബാറ്റർമാർ ഫോമിലേക്ക് ഉയരാതെ പോയതാണ് തിരിച്ചടിയായത്. 32 റൺസെടുത്ത ദേവർഷും 24 റൺസെടുത്ത അഭിനവ് ആർ നായരും മാത്രമാണ് മുൻനിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. ക്യാപ്റ്റൻ വിശാൽ ജോർജ് (5), നവനീത് കെ.എസ് (10), ജോഹാൻ ജിക്കുപാൽ (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
വാലറ്റത്ത് മുഹമ്മദ് റെയ്ഹാനും അദ്വൈത് വി നായരും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിൻ്റെ സ്കോർ 200 കടത്തിയത്. മുഹമ്മദ് റെയ്ഹാൻ 48 റൺസുമായി പുറത്താകാതെ നിന്നു. അദ്വൈത് വി നായർ 34ഉം ആദിത്യൻ എസ് വി 21ഉം റൺസ് നേടി. 219 റൺസിന് കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. ഝാർഖണ്ഡിന് വേണ്ടി പ്രബ്ജോത് സിങ്ങും ശിവം കുമാറും മൂന്ന് വിക്കറ്റ് വീതവും അനുകൃഷ്ണ രണ്ട് വിക്കറ്റും വീഴ്ത്തി.
തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡിന് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിക്കാൻ കേരള ബൗളർമാർക്കായി. 11 റൺസെടുക്കുന്നതിനിടെ ഝാർഖണ്ഡിന് രണ്ട് വിക്കറ്റ് നഷ്ടമായി. എട്ട് റൺസെടുത്ത ഓപ്പണർ അശീഷനെ മുഹമ്മദ് റെയ്ഹാനും ഒരു റണ്ണെടുത്ത ദിവ്യാൻഷുവിനെ അക്ഷയ് പ്രശാന്തുമാണ് പുറത്താക്കിയത്.









