വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

Newsroom

Picsart 24 12 28 18 34 13 722
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ബംഗാളിനെ സമ്മർദ്ദത്തിലാക്കാൻ കേരള ബൌളർമാർക്കായി. ഒരു ഘട്ടത്തിൽ 7 വിക്കറ്റിന് 101 റൺസെന്ന നിലയിലായിരുന്നു ബംഗാൾ. എന്നാൽ എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ പ്രദീപ്ത പ്രമാണിക് കളിയുടെ ഗതി മാറ്റിയെഴുതുകയായിരുന്നു. 82 പന്തിൽ 74 റൺസുമായി പ്രദീപ്ത പ്രമാണിക് പുറത്താകാതെ നിന്നു. കനിഷ്ക് സേത്ത് 32ഉം, സുമന്ത് ഗുപ്ത 24ഉം കൌശിക് മൈത്തി 27ഉം റൺസെടുത്തു. മൂന്ന് വിക്കറ്റുകളെടുത്ത എം ഡി നിധീഷാണ് കേരള ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത്. ജലജ് സക്സേന, ആദിത്യ സർവാടെ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെയും അഹ്മദ് ഇമ്രാൻ്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ സൽമാൻ നിസാറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 29 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ 26 റൺസെടുത്തു. എന്നാൽ മൂന്ന് റൺസിൻ്റെ ഇടവേളയിൽ മുഹമ്മദ് അസറുദ്ദീൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ജലജ് സക്സേനയുടെയും വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയവർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൻ്റെ മറുപടി 182ൽ അവസാനിച്ചു. 49 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ബംഗാളിന് വേണ്ടി സായൻ ഘോഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാറും കൌശിക് റെഡ്ഡിയും രണ്ട് വിക്കറ്റുകൾ വീതം നേടി