ഷോര്‍ട്ടിനെ ഓപ്പണറായി പരീക്ഷിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മൈക്കല്‍ വോണ്‍

Sports Correspondent

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ആരോണ്‍ ഫിഞ്ച് ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയ ശേഷം ഓപ്പണിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഉസ്മാന്‍ ഖവാജയെയും മാര്‍ക്കസ് സ്റ്റോയിനിസിനെയുമെല്ലാം ഓസ്ട്രേലിയ പരീക്ഷിക്കുമ്പോളും ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ ആ റോളില്‍ പരീക്ഷിക്കാത്തതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍.

മികച്ച ഫോമിലുള്ള താരം അടുത്തിടെയാണ് ബിഗ് ബാഷില്‍ ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ടൂര്‍ണ്ണമെന്റില്‍ താരം ടോപ് സ്കോറര്‍ ആകുന്നത്. 6 അര്‍ദ്ധ ശതകങ്ങളോടു കൂടി 637 റണ്‍സാണ് താരം നേടിയത്. ടൂര്‍ണ്ണമെന്റ് ചരിത്രത്തില്‍ തന്നെ ഇതുവരെ ആരും 600നു മുകളില്‍ സ്കോര്‍ നേടിയിട്ടില്ല.

ഇത്രയും മികച്ച ഫോമിലുള്ള താരം ടി20യിലും 37, 40 എന്നീ സ്കോറുകള്‍ നേടിയിരുന്നു. എന്നാല്‍ ഏകദിനത്തിലെത്തിയപ്പോള്‍ താരത്തിനെ പരിഗണിക്കുക പോലും ചെയ്യാതെ ഓസ്ട്രേലിയ മോശം ഫോം തുടരുന്ന ഫിഞ്ചിനെയും ഉസ്മാന്‍ ഖവാജയെയുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.

അതില്‍ ഫിഞ്ച് ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്യുകയായിരുന്നു മത്സരത്തിന്റെ രണ്ടാം ഓവറില്‍. ഫിഞ്ച് ടി20യിലും 0, 8 എന്നിങ്ങനെയുള്ള സ്കോറുകളാണ് സ്വന്തമാക്കിയത്.