ഓവലിൽ ഇന്ത്യയോട് ആറ് റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ബെൻ സ്റ്റോക്സ് കളിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് വോൺ അഭിപ്രായപ്പെട്ടു.

374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, റൂട്ടിൻ്റെയും ബ്രൂക്കിൻ്റെയും സെഞ്ച്വറികളുടെ പിൻബലത്തിൽ ശക്തമായ നിലയിലായിരുന്നു. അഞ്ചാം ദിവസം ജയിക്കാൻ 35 റൺസും നാല് വിക്കറ്റും മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും തീപാറുന്ന ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല.
“ബെൻ സ്റ്റോക്സ് ആ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഈ ടെസ്റ്റ് വിജയിക്കുമായിരുന്നു,” ബിബിസിയുടെ ടെസ്റ്റ് മാച്ച് സ്പെഷ്യൽ എന്ന പരിപാടിയിൽ വോൺ പറഞ്ഞു.
“അവർ പരിഭ്രാന്തരായി. അവർക്ക് ഒരു കൂട്ടുകെട്ട് മാത്രമാണ് വേണ്ടിയിരുന്നത്. സ്റ്റോക്സ് ശാന്തതയും, നേതൃത്വവും, ആത്മവിശ്വാസവും കൊണ്ടുവരുന്ന കളിക്കാരനാണ്. അദ്ദേഹമില്ലാതെ ടീം ആശയക്കുഴപ്പത്തിലായി.” വോൺ പറഞ്ഞു.
നാലാം ടെസ്റ്റിൽ തോളിൽ ഏറ്റ പരിക്കിനെ തുടർന്നാണ് സ്റ്റോക്സിന് ഈ നിർണായക മത്സരം നഷ്ടമായത്.