വാന്‍ ഡെര്‍ മെര്‍വിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ടി20യിലും വിജയിച്ച് തുടങ്ങി നെതര്‍ലാണ്ട്സ്

Sayooj

ഏകദിന പരമ്പര 2-0ന് വിജയിച്ച ശേഷം ടി20യിലും വിജയത്തുടക്കവുമായി നെതര്‍ലാണ്ട്സ്. സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 199/6 എന്ന സ്കോര്‍ നേടിയ ശേഷം 19.5 ഓവറില്‍ എതിരാളികളെ 150 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് നെതര്‍ലാണ്ട്സ് 49 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. റോലോഫ് വാന്‍ ഡെര്‍ മെര്‍വ് 39 പന്തില്‍ നിന്ന് നേടിയ 75 റണ്‍സും ബെന്‍ കൂപ്പര്‍ 28 പന്തില്‍ നേടിയ 54 റണ്‍സുമാണ് നെതര്‍ലാണ്ട്സിനെ 199 റണ്‍സെന്ന വലിയ സ്കോറിലേക്ക് നയിച്ചത്. മാക്സ് ഒദൗദ് 30 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാ‍ബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് ഇര്‍വിന്‍ മാത്രമാണ് പൊരുതി നോക്കിയത്. താരം 37 പന്തില്‍ നിന്ന് 59 റണ്‍സ് നേടി പുറത്തായപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മേലുള്ള സ്കോര്‍ പോലും നേടാനായില്ല. 3 വീതം വിക്കറ്റ് നേടി ബ്രണ്ടന്‍ ഗ്ലോവര്‍, ഫ്രെഡ് ക്ലാസ്സെന്‍, പീറ്റര്‍ സീലാര്‍ എന്നിവരാണ് നെതര്‍ലാണ്ട്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.