മുംബൈ ഇന്ത്യന്‍സ് താന്‍ വിട്ടത് അവിടെ കൂടുതല്‍ മത്സരം ലഭിക്കാതിരുന്നപ്പോളാണെന്ന് അഭിപ്രായപ്പെട്ട് ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ ഭാവി താരമെന്ന് വാഴ്ത്തപ്പെട്ട താരം പിന്നീട് ഇന്ത്യയെ 2012 അണ്ടര്‍ 19 ലോകകപ്പില്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 111 റണ്‍സാണ് പുറത്താകാതെ താരം നേടിയാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. വിരാട് കോഹ്ലിയെ പോലെ താരതമ്യം ചെയ്യപ്പെട്ട ഓപ്പണര്‍ എന്നാല്‍ പിന്നീട് നിറം മങ്ങി പോകുകയായിരുന്നു.
അണ്ടര്‍ 19 ലോകകപ്പിന് ശേഷം ഇന്ത്യ എ ടീമിനെ നയിച്ച താരം 2016ന് ശേഷം താഴേക്ക് പോകുകയായിരുന്നു. ഡല്‍ഹി ഏകദിന ടീമില്‍ നിന്ന് പുറത്ത് പോയ താരത്തിന് ഐപിഎല്‍ കരാറും നഷ്ടമാകുന്നതാണ് കണ്ടത്. പിന്നീട് ഇന്ത്യ എ ടീമില്‍ നിന്നും താരം പുറത്ത് പോയി. ഡല്‍ഹി ടീമില്‍ നിന്ന് പുറത്ത് പോയതാണ് തന്നെ ഏറെ ഞെട്ടിച്ചതെന്നും അത് തനിക്ക് വിശ്വസിക്കാനാകുന്ന ഒന്നായിരുന്നില്ലെന്നും താരം പറഞ്ഞു.
താന്‍ ഇന്ത്യ എ ടീമിനെ നയിക്കുകയും റണ്‍സ് കണ്ടെത്തുന്നതിനും ഇടയിലാണ് താന്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. ശിഖര്‍ ധവാന്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പം കളിച്ചിരുന്ന തന്നെ അവര്‍ പൊടുന്നനെ പുറത്താക്കുകയായിരുന്നുവെന്നും കാരണം തനിക്ക് അറിയില്ലെന്നും ചന്ദ് വ്യക്തമാക്കി. ഐപിഎലില്‍ തന്നോട് ഒരാള്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ഐപിഎലിലെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും പിന്നീടുള്ള ലേലത്തില്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.
മുംബൈ തന്നെ നിലനിര്‍ത്തിയെങ്കിലും തനിക്ക് അവസരം ലഭിക്കാത്തതിനാലാണ് താന്‍ ടീം മാറുവാന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉന്മുക്ത് ചന്ദ് വ്യക്തമാക്കി.