ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ്. 10 പന്തിൽ 31 റൺസാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ചില റെക്കോർഡുകളും ഉമേഷ് യാദവ് സൃഷിട്ടിച്ചു. നേരിട്ട ആദ്യ രണ്ടു പന്തുകളിൽ സിക്സുകൾ നേടുന്ന മൂന്നാമത്തെ താരമായി ഉമേഷ് യാദവ് ഇന്നത്തെ പ്രകടനത്തോടെ മാറി. ദക്ഷിണാഫ്രിക്കൻ ബൗളർ ജോർജ് ലിൻഡയുടെ ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തിൽ ഉമേഷ് യാദവ് തുടർച്ചയായി രണ്ട് സിക്സുകൾ അടിച്ചത്. മത്സരത്തിൽ മൊത്തം അഞ്ചു സിക്സുകളാണ് ഉമേഷ് യാദവ് നേടിയത്.
ഇതിന് മുൻപ് 1948ൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഫോഫി വില്യംസും പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു രണ്ടു പേർ. കൂടാതെ ടെസ്റ്റിൽ 25 റൺസിൽ കൂടുതൽ എടുത്തവരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള താരമായും ഉമേഷ് യാദവ് മാറി. മത്സരത്തിൽ ഉമേഷ് യാദവിന്റെ സ്ട്രൈക്ക് റേറ്റ് 310 ആയിരുന്നു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 30 റൺസ് എടുത്ത താരമായും ഈ ഇന്നിങ്സോടെ ഉമേഷ് യാദവ് മാറി. നേരത്തെ 11 പന്തിൽ 30 റൺസ് എടുത്ത ന്യൂസിലാൻഡ് സ്റ്റീഫൻ ഫ്ളമിംഗിന്റെ റെക്കോർഡാണ് ഉമേഷ് യാദവ് മറികടന്നത്.