അഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് അനായാസ വിജയം. ആറ് വിക്കറ്റിനാണ് കേരളം പോണ്ടിച്ചേരിയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളർമാർ തകർപ്പൻ തുടക്കമാണ് നല്കിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ പ്രവീണിൻ്റെ വിക്കറ്റ് നേടിയ അഭിറാം അഞ്ചാം ഓവറിൽ ജശ്വന്ത് ശ്രീരാമിനെയും പുറത്താക്കി. 12 റൺസ് വീതം നേടിയ പൃഥ്വി രാജനെയും കാർത്തി രാജയെയും ആദിത്യ ബൈജു പുറത്താക്കി. തുടർന്നെത്തിയ നിതിൻ പ്രണവ്, നസലിൻ്റെ പന്തിൽ പുറത്തായതോടെ അഞ്ച് വിക്കറ്റിന് 54 റൺസെന്ന നിലയിലായിരുന്നു പോണ്ടിച്ചേരി.
മധ്യനിരയിൽ നമൻ സതീഷും ആകാശ് പുകഴന്തിയും ചേർന്നുള്ള 87 റൺസ് കൂട്ടുകെട്ടാണ് പോണ്ടിച്ചേരിയെ കരകയറ്റിയത്. നമൻ 41ഉം ആകാശ് 53ഉം റൺസെടുത്തു. ക്യാപ്റ്റൻ സമർ ഖാൻ 34 റൺസ് നേടി. വാലറ്റത്ത് പത്ത് പന്തുകളിൽ 24 റൺസെടുത്ത രാഹുൽ രാജീവിൻ്റെ പ്രകടനം കൂടി ചേർന്നതോടെ പോണ്ടിച്ചേരിയുടെ ഇന്നിങ്സ് 233ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി നസൽ മൂന്നും അഭിറാമും ആദിത്യ ബൈജുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 19 റൺസെടുത്ത അക്ഷയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും കൃഷ്ണനാരായണും പവൻ ശ്രീധറും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. പവൻ ശ്രീധർ 32ഉം കൃഷ്ണനാരായൺ 50ഉം റൺസ് നേടി മടങ്ങി. എന്നാൽ ക്യാപ്റ്റൻ രോഹൻ നായരും ഷോൺ റോജറും ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയം ഉറപ്പിച്ചു. വിജയത്തിനരികെ ഷോൺ റോജർ പുറത്തായെങ്കിലും രോഹൻ നായരും സഞ്ജീവ് സതീശനും ചേർന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. രോഹൻ 66ഉം സഞ്ജീവ് സതീശൻ 12ഉം റൺസുമായി പുറത്താകാതെ നിന്നു. ഷോൺ റോജർ 39 പന്തുകളിൽ നിന്ന് 46 റൺസ് നേടി.പോണ്ടിച്ചേരിക്ക് വേണ്ടി രാഹുൽ രാജീവ് രണ്ട് വിക്കറ്റ് വീഴ്ത്തി.














