വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

Newsroom

KCA U23
Download the Fanport app now!
Appstore Badge
Google Play Badge 1

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് സൌരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ രണ്ടാം തോൽവിയാണ് ഇത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 45 ഓവറിൽ 156 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ നജ്ല സിഎംസി, ഓപ്പണർ മാളവിക സാബു എന്നിവർ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. നജ്ല 40ഉം മാളവിക 39ഉം റൺസ് നേടി. വൈഷ്ണ എം പി 16ഉം അജന്യ ടി പി 11ഉം റൺസെടുത്തപ്പോൾ മറ്റുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. സൌരാഷ്ട്രയ്ക്ക് വേണ്ടി ഹീർവ മൂന്നും ആയുഷി, ജഡേജ ഹർഷിതാബ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്രയ്ക്ക് ഓപ്പണർ ഉമേശ്വരിയുടെ മികച്ച ഇന്നിങ്സാണ് വിജയമൊരുക്കിയത്. ഉമേശ്വരി 71 റൺസ് നേടി. മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പിടിമുറുക്കിയെങ്കിലും രണ്ട് പന്തുകൾ ബാക്കി നില്ക്കെ സൌരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും ജോഷിത വി ജെ, നിയ നസ്നീൻ, അലീന എം പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.