അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ ഡൽഹിയോട് പൊരുതി തോറ്റ് കേരളം

Newsroom

cricket
Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദ് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് ഡൽഹിയോട് തോൽവി. ഡൽഹി ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മികച്ചൊരു പ്രകടനത്തിനൊടുവിലാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ കൃഷ്ണനാരായണിൻ്റെ പ്രകടനമാണ് കേരള നിരയിൽ ശ്രദ്ധേയമായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നല്കിയത്. അങ്കിത് രാജേഷ് കുമാറും യഷ് ഭാട്ടിയയും ചേർന്ന് 81 പന്തുകളിൽ 111 റൺസ് കൂട്ടിച്ചേ‍ർത്തു. അങ്കിതിനെ പുറത്താക്കി കൃഷ്ണനാരായണാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. രണ്ടാം വിക്കറ്റിൽ സുജൻ സിങ്ങും യഷ് ഭാട്ടിയയും ചേ‍ന്ന് 78 റൺസ് കൂട്ടിച്ചേ‍ർത്തു. 83 റൺസെടുത്ത യഷ് ഭാട്ടിയയെ നസൽ പുറത്താക്കി. തുട‍ന്നെത്തിയ യുഗൾ സെയ്നിയുടെ പ്രകടനമാണ് ഡൽഹിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. അവസാന പന്ത് വരെ ഉറച്ച് നിന്ന യുഗൾ 81 പന്തുകളിൽ നിന്ന് 101 റൺസാണ് നേടിയത്. എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.സുജൽ സിങ് 48ഉം ക്യാപ്റ്റൻ ദേവ് ലക്രയും ക്രിഷ് യാദവും 20 റൺസ് വീതവും നേടി. കേരളത്തിന് വേണ്ടി പവൻ രാജ്, നസൽ, അഭിറാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ കൃഷ്ണനാരായണും ഒമർ അബൂബക്കറും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഇരുവരും ചേർന്ന് 47 പന്തുകളിൽ 59 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത ഒമർ അബൂബക്കർ ദിവിജ് മെഹ്റയുടെ പന്തിൽ ക്ലീൻ ബൌൾഡായി. തുടർന്നെത്തിയ ഗോവിന്ദ് ദേവ് പൈ എട്ട് റൺസുമായി മടങ്ങി. ക്യാപ്റ്റൻ രോഹൻ നായരും കൃഷ്ണനാരായണും ചേർന്നുള്ള കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 25 റൺസെടുത്ത രോഹൻ നായർ ദിവാൻഷ് റാവത്തിൻ്റെ പന്തിൽ എൽബിഡബ്ലു ആയി. തുടർന്നെത്തിയ ഷോൺ റോജറും കൃഷ്ണനാരായണും ചേർന്നുള്ള 115 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. സമ്മർദ്ദങ്ങളില്ലാതെ ഇരുവരും ചേർന്ന് അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. എന്നാൽ 61 റൺസെടുത്ത ഷോൺ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ പവൻ ശ്രീധർ ഏഴ് റൺസുമായി മടങ്ങി.

മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണനാരായൻ സെഞ്ച്വറി പൂർത്തിയാക്കി. സഞ്ജീവ് സതീശനുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ കൃഷ്ണനാരായൺ മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾക്ക് അവസാനമായി. 102 പന്തുകളിൽ 13 ബൌണ്ടറിയടക്കം 113 റൺസായിരുന്നു കൃഷ്ണനാരായൺ നേടിയത്. 33 പന്തുകളിൽ നിന്ന് 43 റൺസുമായി സഞ്ജീവ് സതീശൻ പൊരുതി നോക്കിയെങ്കിലും ദിവിജ് മെഹ്റയുടെ പന്തിൽ യഷ് ഭാട്ടിയ ക്യാച്ചെടുത്ത് പുറത്തായി. അഭിറാമും നസലും ആദിത്യ ബൈജുവും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 332ൽ അവസാനമായി. ഡൽഹിക്ക് വേണ്ടി ദിവാന്‍ഷ്
റാവത്തും ദിവിജ് മെഹ്റയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.