അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ ഹരിയാനയെ 230 റൺസിന് തകർത്ത് കേരളം

Newsroom

Cricket Stock
Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹരിയാനയ്ക്കെതിരെ കൂറ്റൻ വിജയവുമായി കേരളം. 230 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 23ാം ഓവറിൽ വെറും 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും പി നസലുമാണ് ഹരിയാന ബാറ്റിങ് നിരയെ തകർത്തത്.

ടോസ് നേടിയ ഹരിയാന കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ഒമർ അബൂബക്കറും അഭിഷേക് ജെ നായരും ചേർന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. അഭിഷേക് 19 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണനാരായണിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഒമർ അബൂബക്കറും രോഹൻ നായരും പവൻ ശ്രീധറും മികച്ച പിന്തുണ നല്കി. 65 റൺസെടുത്ത ഒമർ അബൂബക്കർ റണ്ണൗട്ടാവുകയായിരുന്നു.

തുടർന്നെത്തിയ ഷോൺ റോജർ 26 റൺസുമായി മടങ്ങിയെങ്കിലും രോഹൻ നായർ 37 പന്തുകളിൽ നിന്ന് 43 റൺസ് നേടി. 24 പന്തുകളിൽ നിന്ന് 37 റൺസെടുത്ത പവൻ ശ്രീധറുടെ പ്രകടനവും ശ്രദ്ധേയമായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണനാരായണാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. 67 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളടക്കം 71 റൺസാണ് കൃഷ്ണനാരായൺ നേടിയത്. ഹരിയാനയ്ക്ക് വേണ്ടി വിവേക് കുമാർ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഹർഷ് രംഗയെ പുറത്താക്കിയ പവൻ രാജ് ആറാം ഓവറിൽ ഹർമാൻ മാലിക്കിനെയും പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നല്കി. തുടർന്ന് കളം നിറഞ്ഞ അഭിജിത് പ്രവീണും നസലും ചേർന്ന് ഹരിയാനയുടെ ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു. ഹരിയാനയുടെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്. 22.2 ഓവറിൽ 80 റൺസിന് ഹരിയാന ഓൾഔട്ടായി. അഭിജിത് പ്രവീണും പി നസലും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പവൻ രാജ് രണ്ട് വിക്കറ്റ് നേടി.