ഏകദിന ലോകകപ്പിൽ സീനിയർ ടീം തോറ്റതു പോലെ ഇന്ത്യൻ യുവനിര അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഓസ്ട്രേലിയ 79 റൺസിന്റെ വിജയം നേടിക്കൊണ്ട് കിരീടം ഉറപ്പിച്ചു. ഓസ്ട്രേലിയ മുന്നിൽ വെച്ച 254 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174 റണ്ണിന് ഓളൗട്ട് ആവുകയായിരുന്നു.
ഇന്ത്യക്ക് ഇന്ന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ചു നിന്ന ഉദയ് സഹരൺ 8 റൺസ് എടുത്തും സച്ചിൻ ദാസ് 9 റൺസ് എടുത്തും പുറത്തായി. മുഷീർ ഖാൻ 22 റൺസ് എടുത്തും കളംവിട്ടു. ഓപ്പണർ ആദർശ് സിംഗ് പൊരുതി നോക്കി എങ്കിലും 47 റൺസ് എടുത്ത് ആദർശിന്റെ പോരാട്ടവും അവസാനിച്ചു. 9ആം വിക്കറ്റിൽ മുരുഗൻ അഭിഷേകും നമൻ തിവാരിയും നല്ല ഒരു കൂട്ടുകെട്ട് പടുത്തു എങ്കിലും അവർക്ക് എത്തിപ്പിടിക്കാവുന്നതിലും മുകളിലേക്ക് ലക്ഷ്യം അപ്പോഴേക്ക് പോയിരുന്നു. മുരുഗൻ അഭിഷേക് 42 റൺസും തിവാരി 14 റൺസും എടുത്തു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 253/7 എന്ന റൺസാണ് എടുത്തത്. 55 റൺസ് എടുത്ത ഹർജാസ് സിങും 48 റൺസ് എടുത്ത ഹ്യൂ വൈബ്ഗെനും ഓസ്ട്രേലിയൻ നിരയിൽ ബാറ്റു കൊണ്ട് തിളങ്ങി. ഇന്ത്യക്ക് ആയി രാജ് ലിംബാനി 3 വിക്കറ്റുകളുമായി തിളങ്ങി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ആയിരുന്നു രാജ് 3 വിക്കറ്റ് എടുത്തത്. നമൻ തിവാരി രണ്ട് വിക്കറ്റും മുഷീർ ഖാൻ സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.