നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഹിമാചൽപ്രദേശിനോട് തോൽവി. 54 റൺസിനാണ് ഹിമാചൽപ്രദേശ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽപ്രദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹിമാചൽപ്രദേശിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അനാഹിതയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ ദേവൻഷി വർമ്മയുടെ ഇന്നിങ്സ് അവർക്ക് ഭേദപ്പെട്ട തുടക്കം നല്കി. 44 റൺസെടുത്ത ദേവൻഷി പുറത്തായപ്പോൾ ഒത്തു ചേർന്ന അഹാന ശർമ്മയുടെ ധന്യ ലക്ഷ്മിയുടെയും കൂട്ടുകെട്ടാണ് ഹിമാചലിന് മികച്ച സ്കോർ സമ്മാനിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു. അഹാന 76ഉം ധന്യ ലക്ഷ്മി 75ഉം റൺസെടുത്തു.കേരളത്തിന് വേണ്ടി ഇസബെൽ, അനുഷ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റിങ് നിരയിൽ 88 റൺസെടുത്ത ഓപ്പണർ ശ്രേയ സിജു മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഉർവ്വശി 21ഉം നിയ നസ്നീൻ 24ഉം റൺസെടുത്തു. മധ്യനിര പൂർണ്ണമായി തകർന്നടിഞ്ഞത് കേരളത്തിന് തിരിച്ചടിയായി. കേരളത്തിൻ്റെ മറുപടി 50 ഓവറിൽ ഏഴ് വിക്കറ്റിന് 199 റൺസിന് അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ഇമാനി നേഗിയാണ് ഹിമാചൽപ്രദേശ് ബൌളിങ്ങിൽ തിളങ്ങിയത്.