അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് വീണ്ടും തോൽവി, ആന്ധ്രയുടെ വിജയം എട്ട് വിക്കറ്റിന്

Newsroom

1000380985

മുംബൈ : ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുട‍ർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 43.2 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 27ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിരയുടെ സമ്പൂർണ്ണ പരാജയമാണ് കേരളത്തിന് തിരിച്ചടിയായത്. മികച്ച ഇന്നിങ്സുകളോ കൂട്ടുകെട്ടുകളോ പടുത്തുയ‍ർത്താൻ കേരള ബാറ്റർമാർക്കായില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ആറ് റൺസെടുത്ത ലെക്ഷിത ജയൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത ശ്രേയ പി സിജുവിനും അധികം പിടിച്ചു നില്ക്കാനായില്ല. എന്നാൽ രണ്ട് റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ട മൂന്ന് വിക്കറ്റുകളാണ് കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മികച്ച രീതിയിൽ ബാറ്റിങ് തുടരുകയായിരുന്ന ആര്യനന്ദ 20ഉം ശ്രദ്ധ സുമേഷ് ആറും അഷിമ ആൻ്റണി പൂജ്യത്തിനും പുറത്തായി.

തുട‍ർന്നെത്തിയവരിൽ 11 റൺസെടുത്ത മനസ്വിയ്ക്കും 19 റൺസെടുത്ത നിയ നസ്നീനും മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ ബി എസ് ദീപ്തിയാണ് ആന്ധ്ര ബൗളിങ് നിരയിൽ തിളങ്ങിയത്. തമന്ന, റിഷിക കൃഷ്ണൻ എന്നിവ‍ർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 27ആം ഓവറിൽ ലക്ഷ്യത്തിലെത്തി. ആന്ധ്രയ്ക്ക് വേണ്ടി സേതു സായ് 33ഉം കൗശല്യ ഭായ് 21ഉം റൺസ് നേടി പുറത്താകാതെ നിന്നു.

കേരളം – 43.2 ഓവറിൽ 106 റൺസിന് ഓൾ ഔട്ട്
ആന്ധ്ര – 27 ഓവറിൽ രണ്ട് വിക്കറ്റിന് 109