കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി.
ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി ആർ വൈഷ്ണയെ പുറത്താക്കി തകർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. ഒൻപത് റൺസെടുത്ത കീർത്തി കെ ജെയിംസിനെയും സജന തന്നെ പുറത്താക്കി. ബൗളർമാരെ മാറിമാറി പ്രയോഗിച്ച് ബാറ്റർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയ സജന തൃശൂരിൻ്റെ കുതിപ്പിന് വിദഗ്ധമായി തടയിട്ടു. 22 റൺസെടുത്ത ജുവൽ ജീനും18 റൺസെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റൻസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന, മല്സരം റോയൽസിൻ്റെ വരുതിയിലാക്കി . 15 പന്തുകളിൽ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റൺസ്. 25 പന്തുകൾ ബാക്കി നില്ക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. 15 റൺസ് വീതം നേടിയ നജ്ലയുടെയും പ്രിതികയുടെയും ഇന്നിങ്സുകളും റോയൽസിന് തുണയായി. ടൈറ്റൻസിന് വേണ്ടി സൂര്യ സുകുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സജനയാണ് പ്ലേയർ ഓഫ് ദി മാച്ച്