ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയെ ന്യൂസിലാൻഡ് തകർത്തപ്പോൾ നിർണായകമയത് ഓപ്പണർ ടിം സീഫെർട്ടിന്റെ തകർപ്പൻ ബാറ്റിങ് ആയിരുന്നു. ഇന്ത്യൻ ബൗളർമാരെ തല്ലിചതച്ച സീഫെർട്ട് 43 പന്തിൽ 84 റൺസ് ആണ് അടിച്ചെടുത്തത്. വരുന്ന ലോകകപ്പിൽ കളിക്കുന്നതിനെ കുറിച്ച് വ്യാകുലപ്പെടുന്നില്ലെന്ന് ഇന്നലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ സീഫെർട്ട് പറയുന്നു.
ഇന്ത്യക്കെതിരായ സീഫെർട്ടിന്റെ തകർപ്പൻ ബാറ്റിങ് ന്യൂസിലാൻഡിനു മികച്ച ഒരു അവസരമാണ് നൽകിയിരിക്കുന്നത്, ലോകകപ്പിൽ ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനെ ബാക്കപ്പ് ആയി കൊണ്ടുപോവാൻ കഴിയും. “ബാറ്റ് ചെയുന്നത് ഞാൻ ആസ്വദിക്കുന്നു, ഗ്രൗണ്ടിലേക്ക് ചെന്ന് എനിക്ക് ചെയ്യാൻ തോന്നുന്നത് ഞാൻ ചെയുന്നു. ഞാനിപ്പോഴും ചെറുപ്പമാണ്, എനിക്കിനിയും കുറെ വർഷങ്ങൾ ബാക്കിയുണ്ട്, വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല” സീഫെർട്ട് പറയുന്നു.
“ഈ ലോകകപ്പിൽ കളിക്കണം എന്നുണ്ട്, അതിനു എനിക്ക് സാധിച്ചാൽ അത് മനോഹരമായിരിക്കും, പക്ഷെ ഞാൻ അതിനെ കുറിച്ച് വ്യാകുലപ്പെടുന്നില്ല” – സീഫെർട്ട് കൂട്ടിച്ചേർത്തു.