ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ ചർച്ചയായി തുടരുകയാണ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ തിലക് വർമ്മ (73), ഹാർദിക് പാണ്ഡ്യ (63) എന്നിവർ തിളങ്ങിയപ്പോൾ സൂര്യകുമാറിന് 5 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ തന്റെ നായകന് പൂർണ്ണ പിന്തുണയുമായി യുവതാരം തിലക് വർമ്മ രംഗത്തെത്തി.

സൂര്യകുമാർ ക്രീസിൽ അല്പം സമയം ചിലവഴിച്ചാൽ മാത്രം മതി പഴയ ഫോമിലേക്ക് തിരിച്ചെത്താനെന്നും ബാറ്റിന്റെ മധ്യത്തിൽ പന്ത് കൊള്ളാൻ തുടങ്ങിയാൽ പിന്നെ ആർക്കും അദ്ദേഹത്തെ തടയാനാവില്ലെന്നും തിലക് പറഞ്ഞു.
“സമാധാനമായി പന്ത് നേരിടാനും ബാറ്റിന്റെ മധ്യത്തിൽ പന്ത് കൊള്ളുന്ന ഫീൽ കിട്ടുന്നത് വരെ ക്രീസിൽ തുടരാനുമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ടീമിന് റൺസ് വേണമെങ്കിൽ മറുവശത്ത് നിന്ന് ഞാൻ സ്കോർ ചെയ്തോളാം, പക്ഷെ അദ്ദേഹം അവിടെ നിലയുറപ്പിക്കേണ്ടത് പ്രധാനമാണ്,” തിലക് മത്സരശേഷം വ്യക്തമാക്കി.
2025-ൽ കളിച്ച 19 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 13.62 ശരാശരിയിൽ 218 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുൻപ് ക്യാപ്റ്റന്റെ ഈ ഫോമില്ലായ്മ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഒരു മികച്ച ഇന്നിംഗ്‌സിലൂടെ അദ്ദേഹം എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകുമെന്ന് തന്നെയാണ് സഹതാരങ്ങളുടെ വിശ്വാസം.









