ഇംഗ്ലണ്ടിൽ പുതുതായി തുടങ്ങാൻ പോവുന്ന ദി ഹൺഡ്രഡ് ലീഗിന്റെ ആദ്യ ഡ്രാഫ്റ്റ് കഴിഞ്ഞപ്പോൾ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിന് ആവശ്യക്കാരില്ല. അതെ സമയം അഫ്ഗാനിസ്ഥാൻ സ്പിൻ ബൗളർ റഷീദ് ഖാൻ ലേലത്തിൽ വിളിച്ചെടുത്ത ആദ്യ താരമായി. ട്രെൻഡ് റോക്കറ്റ്സ് ആണ് അഫ്ഗാൻ സ്പിന്നർ സ്വന്തമാക്കിയത്.
രണ്ടാമതായി ലേലത്തിൽ വിളിച്ചത് വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സലിനെയാണ്. സൗത്തേൺ ബ്രേവ് ആണ് റസ്സലിനെ സ്വന്തമാക്കിയത്. കൂടാതെ ഡേവിഡ് വാർണറെയും സൗത്തേൺ ബ്രേവ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചിനെ നോർത്തേൺ സൂപ്പർ ചാർജേഴ്സ് സ്വന്തമാക്കി. ഗെയ്‌ലിനെ കൂടാതെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗക്കും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡക്കും ആവശ്യക്കാർ ഇല്ലായിരുന്നു.
ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷിനെയും സ്റ്റീവ് സ്മിത്തിനെയും ദി വെൽഷ് ഫയർ സ്വാന്തമാക്കി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ സ്വന്തമാക്കിയത് ബിർമിങ്ഹാം ഫീനിക്സ് ആണ്. മുഹമ്മദ് നബിയും മുഹമ്മദ് ആമിറും ലണ്ടൻ സ്പിരിറ്റിലാണ് കളിക്കുക.