ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിലൂട ഓസ്ട്രേലിയയുടെ അഭിമാനം തിരിച്ചു പിടിച്ചു – ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം റാങ്ക് സ്വന്തമാക്കിയ ഓസ്ട്രേലിയ തങ്ങളുടെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിച്ചുവെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് ജസ്റ്റിന്‍ ലാംഗര്‍. അഭിമാനം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചുവെന്ന് പറയാനാകില്ലെങ്കിലും കുറച്ചൊക്കെ ഈ നേട്ടത്തിലൂടെ സ്വന്തമാക്കാനായിട്ടുണ്ടെന്ന് ലാംഗര്‍ വെളിപ്പെടുത്തി.

ടീമെന്ന നിലയില്‍ ഇനിയും കുറേയെറേ കാര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് ചെയ്യാനുണ്ടെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്ട്രേലിയ ഓണ്‍ ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും മികവ് പുലര്‍ത്തി വരികയാണെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് മൂന്ന് ഫോര്‍മാറ്റിലും ലോക ഒന്നാം നമ്പര്‍ താരങ്ങളായി ഇരിക്കണമെന്നാണ് ആഗ്രഹമെങ്കിലും ആ സമീപനമല്ല ടീം പുലര്‍ത്തിയതെന്ന് പറഞ്ഞു.

ഒന്നാം നമ്പര്‍ റാങ്കിംഗ് എന്നതിന് പകരം മൂല്യങ്ങളില്‍ ഒന്നാം നമ്പര്‍ ആകുക എന്നതായിരുന്നു കുറച്ച് കാലമായി ഓസ്ട്രേലിയ ലക്ഷ്യം വെച്ചിരുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി.