ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഉണ്ടായ ഗുരുതരമായ ഹൃദയാഘാതത്തിൽ നിന്ന് സുഖം പ്രാപിക്കുന്ന തമീം ഇഖ്ബാൽ ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെ നയിച്ചിരുന്ന 36 കാരന് മത്സരത്തിന് ഇടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു.

അദ്ദേഹത്തെ ഇപ്പോൾ ധാക്കയിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി, അവിടെ അദ്ദേഹം നിരീക്ഷണത്തിലാണ്. പ്രാർത്ഥനകൾക്കും സ്നേഹത്തിനും അഭ്യുദയകാംക്ഷികൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു ഹൃദയംഗമമായ സോഷ്യൽ മീഡിയ പോസ്റ്റ് അദ്ദേഹം ഇന്ന് പങ്കുവെച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ തമീമിന്റെ നില ഗുരുതരമായിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ റസീബ് ഹസൻ പറഞ്ഞു. ധമനിയുടെ തടസ്സം നീക്കുന്നതിനായി സ്റ്റെന്റുകൾ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം നഫീസ് ഇഖ്ബാൽ, അദ്ദേഹത്തോടൊപ്പമുണ്ട്.
15,000-ത്തിലധികം അന്താരാഷ്ട്ര റൺസുമായി, ബംഗ്ലാദേശ് ക്രിക്കറ്റിലെ ഒരു ഇതിഹാസമാണ് തമീം.