തമീമിന്റെ പരിക്ക്, സിംബാബ്‍വേ പരമ്പര നഷ്ടമായേക്കും

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റ തമീം ഇക്ബാലിനു ഏഷ്യ കപ്പ് മാത്രമല്ല അതിനു ശേഷം വരുന്ന സിംബാബ്‍വേ പര്യടനവും നഷ്ടമായേക്കുമെന്ന് സൂചന. കൈക്കുഴയ്ക്ക് പരിക്കേറ്റ താരം ഉദ്ഘാടന മത്സരത്തില്‍ പത്താം വിക്കറ്റില്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ടിനായി മുഷ്ഫിക്കുര്‍ റഹിമിനു പിന്തുണ നല്‍കാനായി തിരികെ ബാറ്റ് ചെയ്യാനെത്തിയത് ഏറെ വീരോചിതമായ പ്രവൃത്തിയായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്.

ഒറ്റക്കൈയ്യില്‍ ബാറ്റേന്തിയ തമീമിനൊപ്പം 32 റണ്‍സ് കൂട്ടിചേര്‍ത്ത് മുഷ്ഫിക്കുര്‍ മത്സരത്തില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുവാന്‍ ബംഗ്ലാദേശിനെ സഹായിച്ചു. രണ്ടാം ഓവറില്‍ പരിക്കേറ്റ് പുറത്ത് പോയ താരം ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ തിരികെ ക്രീസിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് വേണ്ടത്ര വേഗത്തില്‍ ഭേദമാകുന്നില്ലെങ്കില്‍ താരത്തിനു ശസ്ത്രക്രിയ അനിവാര്യമായി മാറും.

ഒക്ടോബര്‍ 21നു ആരംഭിക്കുന്ന സിംബാബ്‍വേ പരമ്പര ഈ സാഹചര്യത്തില്‍ താരത്തിനു നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കില്‍ 4-6 ആഴ്ച വരെ താരത്തിനു വിശ്രമത്തിനും റീഹാബ് പ്രക്രിയയ്ക്കുമായി വേണ്ടി വരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

Advertisement