ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ ശേഷം ടീമിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അക്ഷയ് ശ്രീനിവാസന്‍(55)-സുബ്രമണ്യ ശിവ(28) കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന തോന്നിപ്പിച്ചുവെങ്കിലും പിന്നീട് അപ്രതീക്ഷിതമാം വിധത്തില്‍ ടീം തകരുകയായിരുന്നു.
74 റണ്‍സ് നേടി 9.4 ഓവറില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കപ്പെടുമ്പോള്‍ ടൂട്ടി നേടിയത് 79 റണ്‍സായിരുന്നു. പിന്നീട് ടീമിന് 45 റണ്‍സ് കൂടി മാത്രമാണ് ശേഷിക്കുന്ന ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വേണ്ടത്ര വേഗത്തില്‍ സ്കോറിംഗ് നടത്താനായിരുന്നില്ല. ആര്‍ മിഥുനും കിരണ്‍ ആകാശും 3 വീതം വിക്കറ്റാണ് മധുരൈയ്ക്കായി നേടിയത്.
എന്നാല്‍ ടൂട്ടിയുടെ ബാറ്റിംഗിന് നേരെ വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് മധുരൈ പാന്തേഴ്സ് പുറത്തെടുത്തത്. അരുണ്‍ കാര്‍ത്തിക്കും ശരത് രാജും യഥേഷ്ടം സ്കോര്‍ ചെയ്ത് ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടിയ ശേഷം 33 റണ്‍സ് നേടിയ ശരത്തിനെ മധുരൈയ്ക്ക നഷ്ടമായെങ്കിലും 12.2 ഓവറില്‍ ടീം 9 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങി. 42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് നിലവിലെ ചാമ്പ്യന്മാരെ അനായാസ വിജയത്തിലേക്ക് നയിച്ചത്.