പടുകൂറ്റന്‍ വിജയവുമായി കാഞ്ചി വീരന്‍സ്

Sports Correspondent

കാരൈകൂഡി കാളൈകളെ 110 റണ്‍സിന് പരാജയപ്പെടുത്തി തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം മത്സരത്തില്‍ വമ്പന്‍ വിജയം കൈവശപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 177/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ വെറും 67 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. രാജഗോപാല്‍ സതീഷിന്റെ ഓള്‍റൗണ്ട് പ്രകടനം താരത്തിന് മാന്‍ ഓഫ് ദി മാച്ച് പട്ടം നല്‍കുകയായിരുന്നു. 14 പന്തില്‍ 31 റണ്‍സും 4 വിക്കറ്റുമാണ് രാജഗോപാല്‍ സതീഷ് സ്വന്തമാക്കിയത്.

60 പന്തില്‍ 95 റണ്‍സ് നേടിയ സഞ്ജയ് യാദവ്, വിശാല്‍ വൈദ്യ(27), ബാബ അപരാജിത്(19) എന്നിവര്‍ക്കൊപ്പം 31 റണ്‍സുമായി പുറത്താകാതെ നിന്ന രാജഗോപാല്‍ സതീഷും ആണ് കാഞ്ചി വീരന്‍സ് ബാറ്റിംഗില്‍ തിളങ്ങിയത്. കാരൈകുഡിയ്ക്കായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി 14.4 ഓവറില്‍ 67 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് കാഞ്ചി വീരന്‍സ് വമ്പന്‍ വിജയം കൈവശമാക്കിയത്. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രാജഗോപാല്‍ സതീഷ് ബൗളിംഗിലും തിളങ്ങി.