T20 വേൾഡ് കപ്പ്, സിലക്ഷൻ കമ്മിറ്റി ചങ്കൂറ്റം കാണിക്കണം

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

പ്ലേ ഓഫിൽ രാജസ്ഥാനോട് തോറ്റ് പുറത്തായ ആർസിബി ഒരു നല്ല ഉദാഹരണമാണ്, ഇന്ത്യൻ ടീം സിലക്ടര്മാര്ക്കും ബിസിസിഐക്കും. ആർസിബിയെ സംബന്ധിച്ചു അവർ സീസണിന്റെ തുടക്കത്തിൽ തിരഞ്ഞെടുത്ത പേരുകേട്ട കളിക്കാരെ വച്ചാണ് കളിച്ചത്. കടലാസിൽ വളരെ ശക്തമായ ടീമായിരിന്നു, കഴിവ് തെളിയിച്ച കളിക്കാർ. പക്ഷെ മുൻനിര കളിക്കാർ ഒന്നിച്ചു ഫോം ഔട്ടായപ്പോൾ അവർ ഒന്നിച്ചത് വെറുതെയായി. ഐപിഎൽ നിയമം അനുസരിച്ചു ലേലത്തിൽ പിടിച്ച കളിക്കാരെ അല്ലാതെ പുറത്തു നിന്നു ആരെയും എടുക്കാൻ സാധ്യമല്ല, അത് കൊണ്ട് തന്നെ ഇടക്കിടെ മിന്നിയ താരങ്ങളെ വച്ചു ബാംഗളൂരുവിന് പ്ലേ ഓഫ് വരെ മാത്രമേ എത്താൻ സാധിച്ചുള്ളൂ.

ഇന്ത്യക്കാർ ഈ കാഴ്ച്ച പല തവണ കണ്ടിട്ടുള്ളതാണ്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് നമ്മുടെ ടീം പോകുമ്പോൾ, മിക്കപ്പോഴും കളിക്കുന്ന ടീമുകളിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് മെൻ ഇൻ ബ്ലൂസിനാകും. കടലാസിൽ എഴുതി കൊടുക്കുന്ന ടീം അംഗങ്ങളുടെ പേര് കണ്ടാൽ ഒരാൾ പോലും മറിച്ചു ചിന്തിക്കില്ല. കണ്ണടച്ചു ഇരുട്ടാക്കാൻ താല്പര്യമില്ലാത്ത, കളിയെ തുറന്ന മനസ്സോടെ സ്നേഹിക്കുന്ന ഈ ലേഖകനെ പോലുള്ള ചുരുക്കം ചിലരെങ്കിലും കാര്യകാരണ സഹിതം ടീമിന്റെ വിജയ സാധ്യതയെ ചോദ്യം ചെയ്താൽ, പിന്നെ ഒറ്റയായും കൂട്ടമായുമുള്ള ആക്രമണമാകും നേരിടേണ്ടി വരിക.
20220524 232841
ഇത്തവണ T20 വേൾഡ് കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. കോച്ച് എന്ന നിലയിൽ രാഹുൽ ആദ്യമേ ഒന്നു രണ്ട് ഇൻ ഫോം കളിക്കാരോട് പ്രതിക്ഷ വേണ്ട എന്നു പറഞ്ഞത്രേ. ഭാവിയിലേക്കുള്ള ഇന്ത്യൻ ടീമിനെ കൂടി ഉദ്ദേശിച്ചാകും ടീം തിരഞ്ഞെടുപ്പ്, അതു കൊണ്ടു പ്രായത്തിന്റെ ആധിക്യം കാരണമാണ് ഒഴിവാക്കുന്നത് എന്നാണ് ഇവരോട് പറഞ്ഞതു. കുഴപ്പമില്ല, ഒരു കോച്ച് എന്ന നിലയിൽ ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും.

പക്ഷെ ഈ പറയുന്ന വേൾഡ് കപ്പിന് ഇനി കഷ്ടിച്ച് 5 മാസം കൂടിയേ ഉള്ളൂ, എത്ര പ്രായം കൂടാനാണ്! രാഹുൽ ടീമിലേക്ക് പരിഗണിക്കില്ല എന്നു പറഞ്ഞ താരങ്ങളെ പിന്തുണച്ചു സംസാരിക്കുകയല്ല, പരിഗണിക്കില്ല എന്നു പറയേണ്ട ചില കളിക്കാരോട് പറയുന്നില്ല എന്നതാണ് പ്രശ്‌നം.

T20 ഒരു സാധാരണ ക്രിക്കറ്റ് കളിയല്ല, ചില കളികൾ കണ്ടാൽ അത് ക്രിക്കറ്റ് കളിയേ അല്ല എന്ന് തോന്നിപോകും. നിങ്ങൾ ഏതൊരു ബാറ്ററുടെയും കൂറ്റൻ സ്കോറുകൾ എടുത്തു നോക്കൂ, അവരുടെ ആ ഇന്നിംഗ്സ് സ്‌പെഷ്യൽ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടാവുക ഔട് ഓഫ് ദി ബോക്‌സ് ഷോട്സുകളാവും. കീപ്പറുടെ തലക്ക് മുകളിലൂടെയുള്ള ബൗണ്ടറി, തേർഡ് മാൻ പൊസിഷന് മുകളിലൂടെയുള്ള സിക്സുകൾ, ജമ്പിങ് ഷോട്‌സ്, റിവേഴ്‌സ് സ്വീപ്പ്കൾ എന്നിങ്ങനെ. ഈ ഷോട്സുകൾ ഭംഗിയായി പ്രാവർത്തികമാക്കുന്ന കളിക്കാരെയാണ് T20ക്ക് ആവശ്യം.

ഇന്ത്യൻ നിരയിലുള്ള ബാറ്റേഴ്സിനെല്ലാം ഇത് സാധ്യമാകാറുണ്ട്. പക്ഷെ ഇത്തരം കളിക്ക് ടെക്സ്റ്റ് ബുക് കളിക്ക് വേണ്ടതിനെക്കാൾ ധൈര്യം വേണം എന്നതാണ് പ്രശ്നം. ഒന്നാമത് ഈ കളി കളിക്കാൻ അത്യതിസാധാരണമായ ചങ്കൂറ്റം വേണം, അതിനും അപ്പുറത്തേക്ക് കളിക്കാൻ അതിലും അപ്പുറമുള്ള നെഞ്ചുറപ്പ് വേണം എന്ന് സാരം. ഇത് ഉള്ളവരാണ് വിജയിക്കുന്നത്.

അത് കൊണ്ട് തന്നെ സാധാരണ നിലയിൽ പോലും മുകളിൽ പറഞ്ഞ പോലുള്ള ധൈര്യം വേണ്ട ഈ കളിയിൽ, ഫോം ഔട്ടായ ഒരു കളിക്കാരന് തിരികെ വരാൻ ബുദ്ധിമുട്ടാകുന്നതിന്റെ കാരണം ഇതാണ്. ടെക്സ്റ്റ് ബുക് ഷോട്സ് പോലും റിസ്ക് അസ്സെസ്സ്മെന്റ് നടത്തി കളിക്കുന്ന ഒരു കളിക്കാരനും, ഔട്ട് ഓഫ് സിലബസ് കളി പുറത്തെടുക്കാൻ സാധിക്കില്ല. ഈ സാഹചര്യം എല്ലാ കളിക്കാരുടെ ജീവിതത്തിലും വന്നു പോയിക്കൊണ്ടിരിക്കും, എത്ര വലിയ കളിക്കാരൻ ആണെങ്കിൽ പോലും. ഇതൊരു കുറവല്ല, തന്റെ കളിയെക്കുറിച്ച് ചിന്തിച്ചു, ഈ ഘട്ടം മറികടക്കാൻ അവർക്ക് സാധിക്കണം. ഇതിന് അതിന്റേതായ സമയമെടുക്കും.

ഇന്ത്യൻ ടീമിന് ഇപ്പോൾ സമയമില്ല. നമുക്ക് വേൾഡ് കപ്പിനായി തയ്യാറെടുക്കാൻ ഒന്നോ രണ്ടോ മാസം മാത്രമേ കിട്ടൂ, അതിന് മുൻപ് സൗത്ത് ആഫ്രിക്ക ഇവിടെ വരുന്നു, നമ്മൾ ഇംഗ്ലണ്ടിൽ പോകുന്നു, അങ്ങനെ പലവിധ തിരക്കുകളാണ്. അത് കൊണ്ട് ആർസിബിക്ക് പറ്റിയ തെറ്റ് ഇന്ത്യൻ ടീമിന് വരരുത്. നമുക്ക് ഓക്ഷൻ കട്ട് ഓഫ് ഇല്ല, ടീം ലിസ്റ്റ് കൊടുക്കാൻ സമയമുണ്ട്. ഫോം ഔട്ടായ കളിക്കാരെ വലിപ്പം നോക്കാതെ പുറത്തിരുത്തണം, T20 മോഡിൽ കളിക്കുന്ന യുവതാരങ്ങളെയും, ഡികെ പോലുള്ള തഴക്കം ചെന്നവരെയും കൊണ്ടു വരണം, വേൾഡ് കപ്പ് വിജയിക്കണം. T20, സിലക്ഷൻ കമ്മിറ്റിക്കും ചങ്കൂറ്റം വേണ്ട കളിയാണ്.