ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കാനുള്ള സാധ്യത ഐ.സി.സി ആലോചിക്കുന്നു. കൊറോണ വൈറസ് ബാധമൂലം ലോകത്താകമാനം ക്രിക്കറ്റ് മത്സരങ്ങൾ എല്ലാം നിർത്തിവെച്ചതിന് പിന്നാലെയാണ് ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കാനുള്ള ആലോചനകളും നടക്കുന്നത്. മെയ് 28ന് നടക്കുന്ന ഐ.സി.സിയുടെ ബോർഡ് മീറ്റിംഗിൽ ടി20 ലോകകപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും.
പ്രധാനമായും ടി20 ലോകകപ്പിന് മൂന്ന് സാധ്യതകളാണ് ഐ.സി.സി പരിശോധിക്കുന്നത്. താരങ്ങൾക്ക് 14 ദിവസത്തെ ക്വറന്റൈൻ നൽകി കാണികളെ ഉൾപെടുത്തിയുള്ളതാണ് ആദ്യ സാധ്യത. കൂടാതെ ആരാധകർ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടത്താനുള്ള സാധ്യതകളും ഐ.സി.സി ആലോചിക്കുന്നുണ്ട്. മൂന്നാമത്തെ സാധ്യതയായിട്ടാണ് ഐ.സി.സി ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുന്നതിനെ കാണുന്നത്. ഈ വരുന്ന ഓക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിൽ വെച്ചാണ് ടി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്.